പടന്ന (കാസർഗോഡ്): കടുത്ത രോഗാവസ്ഥയിലും കലയുടെ ഉപാസന തുടർന്ന പടന്നയിലെ സിയ ഫാത്തിമ എന്ന വിദ്യാർഥിനിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീട്ടിലിരുന്ന് പങ്കെടുക്കാൻ അവസരം നൽകിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കും മറ്റു ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ അധികൃതർക്കും വേറിട്ട രീതിയിൽ വലിയ നന്ദി അർപ്പിച്ച് പടന്ന എംആർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.
സ്കൂളിലെ മിനി സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ കുട്ടികൾ അക്ഷരരൂപത്തിൽ നിന്നാണു നന്ദി അറിയിച്ചത്.
ശരീരത്തെ തളർത്തുന്ന വേദനയിലും തോൽക്കാൻ മനസില്ലാത്ത സിയയുടെ മനക്കരുത്തിന് വിദ്യാഭ്യാസ അധികൃതർ നൽകിയ പിന്തുണയ്ക്ക് ആദരവുമായാണ് സ്കൂളിലെ 1100ൽപരം വിദ്യാർഥികളും അണിനിരന്ന് സ്റ്റേഡിയത്തിൽ നന്ദി എന്ന കൂറ്റൻ അക്ഷരമാല തീർത്തത്.
പ്രിൻസിപ്പൽ എം.സി. ശിഹാബിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ ഈ വേറിട്ട സ്നേഹപ്രകടനത്തിന് നാടൻ കലാപ്രവർത്തകൻ ജുനൈദ് മെട്ടമ്മലാണ് സംവിധാനമൊരുക്കിയത്.